ഛണ്ഡീഗഢ്: പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ തൂണ് ശരീരത്തിലൂടെ വീണ് ദേശീയ ബാസ്കറ്റ്ബോൾ ടീമംഗമായ 16-കാരന് ദാരുണാന്ത്യം. ഹരിയാനയിലെ റോഹ്തക്കിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ലഖാൻ സ്വദേശിയായ ഹാർദികാണ് മരിച്ചത്. പരിശീലനം നടത്തുന്നതിനിടെ ഉറപ്പില്ലാത്ത തൂണ് ഹാർദികിന്റെ ശരീരത്തിലൂടെ മറിഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടസമയത്ത് ഹാർദിക് മാത്രമാണ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നത്. ഇതിനിടെ ഹാർദിക് ഉയരത്തിൽ ചാടി ബാസ്ക്കറ്റിൽ തൊട്ടു. പിന്നാലെ തൂണ് മുഴുവനായും പിഴുതുവീഴുകയായിരുന്നു. ഹാർദികിന്റെ നെഞ്ചിലേക്കാണ് തൂണ് വീണത്. നിലവിളി കേട്ട് ഓടിയെത്തിയ സുഹൃത്തുക്കൾ തൂണ് മാറ്റി ഹാർദികിനെ പുറത്തെടുത്തു. എന്നാൽ സംഭവസ്ഥലത്ത് വച്ച് തന്നെ വിദ്യാർത്ഥി മരിക്കുകയായിരുന്നു.
അടുത്തിടെയാണ് ഹാർദികിനെ ദേശീയ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഹാർദികും സഹോദരനും പരിശീലന ക്യാമ്പിൽ എത്തിയത്. ഇവിടെ വിദ്യാർത്ഥികൾക്ക് പഠിക്കാനും പരിശീലിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇക്കാരത്താലാണ് രക്ഷിതാക്കൾ ഇവിടെ ചേർത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.















