ന്യൂഡൽഹി: നടനും കൊമേഡിയനുമായ കപിൽ ശർമ്മയുടെ കാനഡയിലുള്ള റസ്റ്റേറന്റിന് നേരെ നടന്ന വെടിവയ്പ്പിന്റെ മുഖ്യസൂത്രധാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സംഘമായ ഗോൾഡി ബ്രാറിലെ പ്രധാനി ബന്ധുമാൻ സിംഗ് സെഖോണാണ് പിടിയിലായത്. ചൈനീസ് നിർമ്മിത പിസ്റ്റൾ അടക്കം നിരവധി ആയുധങ്ങൾ ഇയാളിൽ നിന്നും കണ്ടെടുത്തു. വെടിവയ്പ്പിന് പിന്നാലെ ബന്ധുമാൻ സിംഗ് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
ലുധിയാനയിലെ ഡിസിപി ക്രൈം ബ്രാഞ്ച് സഞ്ജീവ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2016–17ൽ ലുധിയാനയിലെ കോളജ് യൂണിയൻ പ്രസിഡന്റായിരുന്നു ബന്ധുമാൻ സിംഗ്.ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ കൊടും ക്രിമിനൽ ഗോൾഡി ദില്ലണിന്റെ അടുത്ത കൂട്ടാളിയാണിയാൾ. സെഖോണിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയിലും കാനഡയിലും ഗോൾഡി ദില്ലൺ സംഘത്തിന്റെ പ്രവർത്തനം.
2025 ജൂലൈ 4 നാണ് കാനഡയിലെ സറേയിൽ കപിൽ ശർമ്മ കഫേ ആരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ മൂന്ന് തവണയാണ് കഫേ ആക്രമിക്കപ്പെട്ടത്. ജൂലൈ 10 നാണ് ആദ്യ സംഭവം. ഓഗസ്റ്റ് 7 നും ഒരു സംഘം കഫേയ്‌ക്ക് നേരെ വെടിയുതിർത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അവസാന ആക്രമണം. മൂന്ന് സംഭവങ്ങളിലും ഗ്ലാസ് ജനാലകൾ തകർന്നു എന്നതൊഴിച്ച് ആർക്കും പരിക്കില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ധില്ലണും ലോറൻസ് ബിഷ്‌ണോയി സംഘവും ഏറ്റെടുത്തിരുന്നു. ക്രിമിനൽ സംഘം കപിൽ ശർമ്മയ്‌ക്ക് വധഭീഷണി മുഴക്കിയതായും റിപ്പോർട്ടുണ്ട്.















