തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഹർജി ഡിസംബർ 6ന് പരിഗണിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ യുവതിയെയാണ് പ്രതി നിരന്തരം സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്. അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിലായിരുന്നു. ഇതോടെ ക്ഷീണമുള്ളതിനാൽ ഡ്രിപ്പിടാൻ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















