കൊച്ചി: എറണാകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. പച്ചാളം പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ആട്ടുകൽ കണ്ടെത്തി. ട്രാക്കിന്റെ കൃത്യം മധ്യഭാഗത്തായാണ് ആട്ടുകൽ കണ്ടെത്തിയത്. റെയിൽവേ പൊലീസും ഡോഗ് സ്ക്വഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ആട്ടുകൽ ട്രാക്കിൽ ഉണ്ടായിരുന്ന സമയത്ത് മൈസുർ- കൊച്ചുവേളി എക്സ്പ്രസ് ഇതിലൂടെ കടന്നു പോയിരുന്നു. എന്നാൽ വേഗത കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി. പിന്നാലെ ലോക്കോ പൈലറ്റാണ് റെയിൽവേ പൊലീസിന് വിവരം അറിയിച്ചത്. ട്രാക്കിന് സമീപത്ത് പട്ടിയുടെ ശരീരം ചിന്നി ചിതറിയ നിലയിൽ കിടപ്പുണ്ട്.















