എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറയുന്നത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വരുന്നത്. മലയാള സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ച കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും.
11 മണിക്ക് ശേഷമായിരിക്കും വിധി വരിക. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യ ആസൂത്രകനായ ദിലീപിനെതിരെയും ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്.
ദിലീപിന്റെ എല്ലാ വാദങ്ങളും തള്ളുന്നതായിരുന്നു കേസിൽ ആദ്യം മുതലുള്ള പൾസർ സുനിയുടെ മൊഴികൾ. കൊവിഡും ലോക്ഡൗണും ദിലീപും അതിജീവിതയും നൽകിയ ഉപഹർജികളും അപ്പീലുകളും വിചാരണ നീണ്ടുപോകാൻ കാരണമായിരുന്നു. ആറ് വർഷം നീണ്ട രഹസ്യവിചാരണ പൂർത്തിയാക്കിയാണ് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.
പ്രമുഖ നടീനടന്മാരും സംവിധായകന്മാരും ഉൾപ്പെടെ 261 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി. 2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്.















