എറണാകുളം: ശബരിമല ദേവസ്വം ഭണ്ഡാരം പരിശോധിക്കാൻ പൊലീസ് ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി. ശബരിമല പൊലീസ് ജോയിന്റെ കോ ഓർഡിനേറ്ററും ഐജിയുമായ ശ്യം സുന്ദറാണ് ഭണ്ഡാരം കാണാൻ കയറിയത്. ഒരു കാരണവുമില്ലാതെ ഭണ്ഡാരം കാണാൻ കയറിയെന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
പൊലീസ് ഭണ്ഡാരത്തിലേക്ക് കയറരുതെന്നും ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുള്ളതാണെന്നും ജസ്റ്റിസുമാരായ എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഡിസംബർ 11 -ന് രാവിലെയാണ് ശബരിമല പൊലീസ് ജോയിന്റ് കോഓർഡിനേറ്ററായ ശ്യം സുന്ദറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ഭണ്ഡാരം മുറിയിൽ പ്രവേശിച്ചത്. യൂണിഫോമിലും സിവിൽ ഡ്രസിലുമാണ് മുറിയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്.















