പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച് പേര്‍ അടങ്ങിയ സംഘം രാം നാരായണനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അഞ്ചുപേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും പൊലീസ് പറയുന്നു. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടായേക്കും. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി.
വാളയാര്‍ അട്ടപ്പള്ളത്ത് ബുധനാഴ്ചയാണ് രാംനാരായണ്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സ പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ ബിബിന്‍ (30), അനന്തന്‍ (55), അട്ടപ്പള്ളം കല്ലങ്കാട് എ അനു (38) എന്നിവര്‍ റിമാന്‍ഡിലാണ്.
രാം നാരായണിനെ മര്‍ദിക്കുന്ന വീഡിയോകളില്‍നിന്നും ചിത്രങ്ങളില്‍നിന്നും തിരിച്ചറിയാന്‍ കഴിഞ്ഞ അഞ്ചുപേരെയാണ് ആദ്യഘട്ടത്തില്‍ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടേതുള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.















