ന്യൂഡൽഹി: ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. 2025 ലെ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 4.18 ട്രില്യൺ യുഎസ് ഡോളറായതോടെയാണ് ഔദ്യോഗികമായി ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.
2030 ഓടെ ജർമ്മനിയെ മറികടന്ന് മൂന്നാം സ്ഥാനം നേടാനുള്ള കുതിപ്പിലാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. 2030 ഓടെ 7.3 ട്രില്യൺ ഡോളറിന്റെ ജിഡിപിയാണ് ഇന്ത്യയുടെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ യുഎസിന്റെതാണ്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. എന്നാൽ ആഗോള അനിശ്ചിതങ്ങൾക്കിടയിൽ ഇരു രാജ്യങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. അതേസമയം, ഇതിനെയെല്ലാം മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക രംഗം ദ്രുതഗതിയിൽ വളരുകയാണ്. നിലവിൽ ലോകത്തിൽ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയിൽ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്കാണ്.
അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വീക്ഷണത്തെ പിന്തുണച്ചിട്ടുണ്ട്. 2026 ൽ 6.5 ശതമാനം വളർച്ച ലോകബാങ്ക് പ്രതീക്ഷിക്കുന്നത്. വരും വർഷം 6.5 ശതമാനവും വളർച്ചയോടെ ഇന്ത്യ അതിവേഗം വളരുന്ന ജി 20 സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് മൂഡീസും പ്രവചിക്കുന്നുണ്ട്. ഐഎംഎഫ് 2026 ൽ 6.2 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. 6.2 ശതമാനവും വളർച്ച നേടുമെന്നാണ് ഒഇസിഡിയുടെ പ്രവചനം.















