മുംബൈ: മോഷണ സ്വഭാവം ആരോപിച്ച് 12 വയസുകാരെ മാതാപിതാക്കൾ രണ്ട് മാസത്തോളം ചങ്ങലയ്‌ക്കിട്ടു. മഹാരാഷ്‌ട്രയിലെ നാഗ്പൂരിലാണ് ദാരുണസംഭവം നടന്നത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ല ശിശുക്ഷേമ സമിതി വീട്ടിലെത്തി കുട്ടിയെ രക്ഷിച്ച് സംരക്ഷണം ഏറ്റെടുത്തു.
കൂലി പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടി അനുസരണക്കേട് കാണിക്കുന്നുവെന്നും പഠനം നിർത്തിയെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.
വീട്ടിൽ നിന്നിറങ്ങിപ്പോകുക, മറ്റുള്ളവരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുക എന്നിവ കാരണമാണ് കെട്ടിയിടാൻ തീരുമാനിച്ചതെന്നും മാതാപിതാക്കൾ അധികൃതരോട് പറഞ്ഞു.
നാട്ടുകാരാണ് ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചത്. ശിശുക്ഷേമ സമിതി അധികൃതർ വീട്ടിലെത്തിയപ്പോൾ കുട്ടിയെ വീടിന്റെ ടെറസിൽ ചങ്ങലയ്‌ക്കിട്ടിരിക്കുകയായിരുന്നു. തൂണിന് സമീപം വെള്ളം നിറച്ച ഗ്ലാസുമുണ്ടായിരുന്നു. ചങ്ങല ഉരഞ്ഞ് കൈകാലുകളിൽ മുറിവും വ്രണവുമായിട്ടുണ്ട്. ഭയന്ന് വിറച്ച നിലയിൽ കണ്ടെത്തിയ കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.















