കൊച്ചി : ലഹരിക്കടത്തിന് സഹായിച്ചതിന് കാലടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു . സിപിഒ സുബീറിനെയാണ് സംഭവത്തിൽ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനുമുൻപും ലഹരിക്കടത്തിന് സഹായിച്ചെന്നപേരിൽ ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പെരുമ്പാവൂരിലെ സുബീറിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്ന് 9.5 കിലോ കഞ്ചാവ് പിടിച്ചതിനെതുടർന്നുണ്ടായ അന്വേഷണത്തിലാണ് റൂറൽ എസ്പി എം.ഹേമലത ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
സെപ്റ്റംബർ മാസത്തിൽ പെരുമ്പാവൂരിലെ കണ്ടത്തറ ഭായി കോളനിയിൽ നിന്ന് എക്സൈസ് 66 ഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. ഇതിനുപിന്നിലും സുബീറിന്റെ സഹായമുണ്ടെന്നാണ് നിഗമനം. സുബീറിനെതിരെ ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറയുന്നത്.
കാരോത്തുകുടി സലീന അലിയാർ എന്ന യുവാവ് ലഹരി വിൽപനക്കടത്തുക്കേസിൽ പിടിയിലായിട്ടുണ്ട്. ഇയാളായിരുന്നു ഇവർക്കു നേതൃത്വം നൽകിയിരുന്നത്. 10 ലക്ഷം രൂപ വില വരുന്ന ഹെറോയിനാണ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തത്. ചെറിയ പായ്‌ക്കറ്റുകളുടെ രൂപത്തിലാണ് ഹെറോയിൻ വിൽപന നടത്തിയിരുന്നത്. അസമിൽ നിന്നാണ് ഇവ എത്തുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ലഹരി വിൽപ്പനയ്‌ക്കായി പ്രായപൂർത്തിയാകാത്ത അന്യ സംസ്ഥാന തൊഴിലാളികളെവരെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലഹരിയുൽപ്പന്നങ്ങൾക്കൂടാതെ 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന മെഷീനും കോളനിയിൽ നിന്ന് പിടിച്ചെടുത്തു.















