തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തള്ളിപ്പറഞ്ഞു കൊണ്ട് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്തവും ബാധ്യതയും ഇല്ലെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് തങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. രാഹുൽ എം എൽ എ സ്ഥാനം നേരത്തെ രാജി വച്ച് പോകേണ്ടത് ഉണ്ട് എന്നും മുരളീധരൻ പറഞ്ഞു.
‘രാഹുലിന്റെ ഭാഗത്ത് തെറ്റ് കണ്ടതുകൊണ്ടാണ് പുറത്താക്കിയത്. അതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യം എന്താ. പണ്ട് വടക്കൻ പാട്ടിൽ പറഞ്ഞപോലെ ഒതേനൻ ചാടാത്ത മതിലില്ലാ എന്നതു പോലെ ഇദ്ദേഹമിനി എവിടെ ചാടിയാലും ഞങ്ങൾക്കെന്ത് ഉത്തരവാദിത്വം. ഞങ്ങൾ ചെയ്യേണ്ട കാര്യം ചെയ്തു, അദ്ദഹത്തെ പുറത്താക്കി. ഞങ്ങളുടെ കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പാർട്ടി നടപടിയെടുത്തത്. ഉചിതമായ തീരുമാനം സർക്കാരും പോലീസും തീരുമാനിക്കട്ടെ.
കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഒരിക്കലും തെറ്റിനെ ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ ആ വ്യക്തിയെ ശിക്ഷിക്കും. അതാണ് പാർട്ടി നയം. ഇത് ജനങ്ങളെ സേവിക്കാനുള്ള പാർട്ടിയാണ്. മറ്റു കളരികൾക്ക് ഉപയോഗിക്കാനുള്ള പ്രസ്ഥാനമല്ല.’- കെ. മുരളീധരൻ പറഞ്ഞു.















