ജലന്ധർ: കാനഡയിൽ പഞ്ചാബി വ്യവസായി വെടിയേറ്റ് മരിച്ചു. നവൻഷഹർ സ്വദേശിയായ ബിന്ദർ ഗാർച്ച (48) ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ പ്രധാന നഗരമായ സറേയിൽ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.
സ്റ്റുഡിയോ, വിരുന്ന ഹാൾ ബിസിനസുകളാണ് ബിന്ദർ ഗാർച്ചയ്‌ക്കുണ്ടായിരുന്നത്. പ്രദേശത്തെ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. സറേയിലെ ഗുമാന് ഫാംസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ചതാണെന്നാണ് കരുതുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. അടുത്തിടെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ പ്രശസ്ത വ്യവസായി ദർശൻ സിംഗ് സാഹ്സി കൊല്ലപ്പെട്ടതിന്റെ നടക്കത്തിൽ നിന്നും ഇതുവരെ പഞ്ചാബി സമൂഹം മുക്തമായിട്ടില്ല. ലുധിയാന സ്വദേശിയായ ഇദ്ദേഹം ലോകത്തിലെ ഏറ്റവും പ്രമുഖ വസ്ത്ര പുനരുപയോഗ സ്ഥാപനമായ കാനം ഇന്റർനാഷണലിന്റെ പ്രസിഡന്റായിരുന്നു.















