കോഴിക്കോട്: ഷിംജിത മുസ്‌തഫയെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ പോലീസിനെതിരെ പ്രതികരിച്ച് ആത്മഹത്യ ചെയ്‌ത ദീപക്കിന്റെ കുടുംബം. ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്‌ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും അവർ ചോദിച്ചു.പൊലീസിനെതിരെ കുടുംബം നേരത്തേ വിമർശനം ഉന്നയിക്കുന്നുണ്ടായിരുന്നു.
ഷിംജിതയെ പൊലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിനെന്നും യുവതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം ചോദിക്കുന്നത് . അറസ്റ്റ് വൈകിയതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഒരു പ്രതിക്ക് ഇത്രയേറെ സംരക്ഷണം ഒരുക്കുന്നതെന്തിനെന്നും ദീപക്കിന്റെ കുടുംബം ചോദിക്കുന്നു.
ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബസിൽ നിന്ന് വീഡിയോ ചിത്രീകരിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്‌തത്. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.















