കൊച്ചി: ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ ചൊവ്വര സ്വദേശി സൂരജ് പിഷാരടി (30) ആണ് മരിച്ചത്. നെടുമ്പാശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞതിനിടെയാണ് സൂരജിന് ചവിട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ സൂരജ് ചികിത്സയിലായിരുന്നു. ആനകളുടെ മുൻഭാഗത്തുനിന്ന് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആനയിടഞ്ഞതിനെത്തുടർന്ന് 19 പേർക്ക് പരിക്കേറ്റിരുന്നു.
ബുധൻ രാവിലെ 11.45നായിരുന്നു സംഭവം. അഞ്ച് ആനകൾ പങ്കെടുത്ത ശീവേലിയിൽ തിടമ്പേറ്റിയ ചിറയ്‌ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ഈ ആന വിരണ്ടതോടെ ഭയന്ന് മറ്റൊരു ആന കൂടി ഓടി. ഇതോടെ ആളുകൾ ചിതറിയോടി. വീണും കൂട്ടിയിടിച്ചുമാണ് പലർക്കും പരിക്കേറ്റത്.















