ഗായിക എസ് ജാനകിയുടെ ഏകമകൻ മുരളികൃഷ്ണ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ജാനകിയമ്മയുടെ പരിപാടികളിൽ മുരളി കൃഷ്ണ നിഴൽ പോലെ എന്നും കൂടെയുണ്ടാവാറുണ്ടായിരുന്നു.
മുരളികൃഷ്ണയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ജാനകിയമ്മയെ സ്നേഹിക്കുന്നവർ. ഗായിക കെ. എസ് ചിത്ര അടക്കം നിരവധിപേരാണ് മുരളികൃഷ്ണയെ അനുസ്മരിച്ചത്. ഏറെ പ്രിയപ്പെട്ട ജാനകിയമ്മയുടെ ഏക മകനായ മുരളി അണ്ണയുടെ മരണ വാര്‍ത്ത അറഞ്ഞ ഞെട്ടലിലാണെന്ന് ഗായിക കുറിച്ചു. സ്‌നേഹനിധിയായ ഒരു സഹോദരനെയാണ് എനിക്ക് നഷ്ടമായത്. ഈ സങ്കടം മറികടക്കാന്‍ അമ്മയ്‌ക്ക് ദൈവം ശക്തി നല്‍കട്ടെ. പരേത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി എന്നായിരുന്നു ചിത്രയുടെ കുറിപ്പ്.
രവി മേനോൻ പങ്കുവെച്ച കുറിപ്പ്
നിഴൽ പോലെ എന്നും ഏത് നിമിഷവും കൂടെയുണ്ടായിരുന്ന ഒരാൾ. സ്വന്തം ജീവന്റെ ഒരംശം തന്നെയായിരുന്നു ജാനകിയമ്മക്ക് മുരളീകൃഷ്ണ; ഭർത്താവിന്റെ വിയോഗശേഷം വിശേഷിച്ചും. മുരളി ഇനിയില്ല എന്ന സത്യവുമായി എങ്ങനെ പൊരുത്തപ്പെടും എൺപത്തെട്ടുകാരിയായ ഈ അമ്മയുടെ മനസ്സ്? ഉത്തരം കിട്ടാത്ത ചോദ്യം.
ചെന്നൈ നീലാങ്കരയിലെ വീട്ടിൽ വെച്ച് മൂന്ന് പതിറ്റാണ്ടു മുൻപ് ആദ്യം കാണുമ്പോൾ സംഗീത സ്വപ്നങ്ങളുടെ ലോകത്തായിരുന്നു മുരളീകൃഷ്ണ. സ്വയം സംഗീത സംവിധാനം നിർവഹിച്ച ഇൻഡി പോപ്പ് ശൈലിയിലുള്ള കുറച്ചു പാട്ടുകളുടെ ട്രാക്ക് കേൾപ്പിച്ചശേഷം മുരളി പറഞ്ഞു: “സംഗീതത്തിൽ സ്വന്തമായി ഒരു വഴി കണ്ടെത്തണം. ഈ ആൽബം പുറത്തിറങ്ങിയാൽ നമ്മുടെ കഴിവുകൾ ജനം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ.”
ആ ആൽബം പുറത്തിറങ്ങിയോ എന്നറിയില്ല. അതിനെക്കുറിച്ച് മുരളി പിന്നീടൊന്നും പറഞ്ഞുകേട്ടിട്ടുമില്ല. വ്യക്തി ജീവിതത്തിലെ അപശ്രുതികളുമായി സമരസപ്പെടാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾക്കിടയിലും അമ്മയുടെ നിഴലിൽ നിന്ന് ഒരിക്കലും മാറിനിന്നില്ല മകൻ.
എത്ര തീവ്രമായിരിക്കും മകന്റെ അകാലവിയോഗമേൽപ്പിച്ച ആഘാതമെന്ന് ഊഹിക്കാനാകും നമുക്ക്. ഈ വേദന സഹിക്കാൻ ഈശ്വരൻ അമ്മക്ക് ശക്തിയേകട്ടെ … പ്രാർത്ഥനകളോടെ















