കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശാസ്ത്രക്രീയയ്‌ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) അന്തരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഡിസംബർ 22 നായിരുന്നു ശസ്ത്രക്രീയ നടന്നത്. വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമായിരുന്നു ദുർഗയ്‌ക്ക് മാറ്റിവച്ചത്
ദുർഗകാമിയുടെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടക്കും. ഒൻപതരയോടെ കളമശേരി കമ്മ്യൂണിറ്റി ഹാളിലേക്ക് മൃതദേഹം കൊണ്ടുപോകും. 12 മണിക്ക് കളമശേരി സഭ സെമിത്തേരിയിലാണ് സംസ്കാരം.
അപൂർവ്വ ജനിതകരോഗം ബാധിച്ച് ഒരു വർഷമായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുര്‍ഗ. നേരത്തേ ഇതേ ജനിതക രോഗം ബാധിച്ച് ദുർഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു. വിദേശ പൗരയായതിനാൽ അവയവദാനത്തിനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇതിനുള്ള ഇളവ് നേടിയെടുത്തത്.















