തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥയിലുള്ളത് 1,601 കോടി രൂപ വിലമതിക്കുന്ന സ്വർണം. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നൽകിയ വിവരാവകാശ അപേക്ഷയ്‌ക്ക് നൽകി മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിൽ വേറെയും സ്വർണ ഉരുപ്പടികൾ ഉണ്ടെന്നും മറുപടിയിലുണ്ട്. ഗുരുവായൂർ ദേവസ്വം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ ഷാജു ശങ്കരനാണ് വിവരങ്ങൾ നൽകിയത്.
ആകെ 1, 39,895 പവൻ സ്വർണമാണ് ദേവസ്വത്തിൻറ പക്കലുള്ളത്. നിലവിലെ വിപണി വില അനുസരിച്ചു 1,601 കോടിയാണ് ഇതിന്റെ മൂല്യം. സ്വർണ നിക്ഷേപ പദ്ധതി പ്രകാരം എസ്ബിഐയിൽ 869 കിലോഗ്രാം നിക്ഷേപിച്ചിട്ടുണ്ട്. ഡബിൾ ലോക്കറിൽ രേഖപ്പെടുത്തിയത് 245.52 കിലോഗ്രാം സ്വർണമാണ്. സ്വർണ ലോക്കറ്റുകൾ തയ്യാറാക്കാൻ നൽകിയതിന്റർ ബാക്കി 4.46 കിലോ ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള മുംബൈ മിന്റിൽ ഉണ്ട്.
ആകെ 6,335 കിലോ വെള്ളിയാണുള്ളത്. ഡബിൾ ലോക്കർ രജിസ്റ്റർ പ്രകാരം 1,357 കിലോഗ്രാം വെള്ളി ദേവസ്വത്തിനുണ്ട്. 4,978.89 ഗ്രാം വെളളി കേന്ദ്രസർക്കാരിന്റെ ഹൈദരബാദ് മിൻറിലുണ്ട്.