കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ പണം തട്ടിപ്പിന് കേസ്. നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇൻസോമ്നിയ എന്ന പരിപാടിക്കായി 35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്നതാണ് പരാതി.
കൊച്ചി സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. നാല് പ്രതികളാണ് കേസിലുള്ളത്.
മെന്റലിസ്റ്റ് ആദിയെന്ന ആദർശ് ആണ് ഒന്നാം പ്രതി. സംവിധായകൻ ജിസ് ജോയ് നാലാം പ്രതി. ലാഭം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. രണ്ട് ഘട്ടമായി 35 ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി പറയുന്നത്. നിക്ഷേപമായി സ്വീകരിച്ച തുക തിരികെ നല്‍കുകയോ വാഗ്ദാനം ചെയ്ത ലാഭം നല്‍കുകയോ ചെയ്യാതെ വന്നതോടെയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.















