കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് നടപടി.
എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയായിരുന്നു ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ പ്രതി ചേർത്തപ്പോൾ മുതൽ ശങ്കരദാസ് ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു. പിന്നാലെയായിരുന്നു എസ്ഐടിയുടെ അറസ്റ്റ്.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നും 23ന് പൂജപ്പുര സെൻട്രൽ ജയിൽ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയിരുന്നു.















