മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മാസങ്ങളായി ഭീതി പരത്തിയ കരടി, വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. ടി.കെ കോളനി ധർമ്മശാസ്താ അയ്യപ്പക്ഷേത്രത്തിൽ സ്ഥാപിച്ച കെണിയിലാണ് ഇന്നലെ അർധരാത്രിയോടെ കരടി കുടുങ്ങിയത്.
പൂജദ്രവ്യങ്ങൾ ഭക്ഷിക്കാനായി പഞ്ചായത്തിലെ ടി.കെ കോളനി, കവള മുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം, ഒളർവട്ടം, പുഞ്ച് തുടങ്ങിയ മേഖലകളിലെ ക്ഷേത്രങ്ങളിൽ കരടിയെത്തുന്നത് പതാവായിരുന്നു. ക്ഷേത്രങ്ങളിൽ സൂക്ഷിച്ച നെയ്യ്, എണ്ണ, ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങൾ ഭക്ഷിക്കാനെത്തുന്ന കരടി വ്യാപകമായ നാശം വരുത്തിയാണ് മടങ്ങാറ്.
ഒപ്പം കൃഷിയിടങ്ങളിൽ സ്ഥാപിച്ച തേൻപ്പെട്ടികൾ തകർത്തും തേനടക്കം ഭക്ഷിക്കുന്നതും കർഷകർക്ക് വൻ നഷ്ടമാണ് വരുത്തിയിരുന്നത്.















