തിരുവനന്തപുരം: ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. കോട്ടൂർ കാപ്പുകാട് ആന പരിപാലകേന്ദ്രത്തിലാണ് സംഭവം. ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു വിഷ്ണു. രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയിൽ ചവിട്ടുകയായിരുന്നു. മൂന്നു വർഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു.
കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ നെയ്യാർ റിസർവോയറിന്റെ ഭാഗത്താണ് ആനയെ കുളിപ്പിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ അവിടെ നിന്ന് മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് പുറത്തേക്കെടുത്തെത്. ഉടൻ തന്നെ വിഷ്ണുവിനെ ആര്യനാടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.















