ന്യൂഡൽഹി: പരീക്ഷ പേ ചർച്ചയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു. പുതിയ തലമുറയിലെ ചില കുട്ടികൾ ഫോണുകളിൽ അടിമകളാണെന്നും അതിന് അനുവദിക്കരുതെന്നും മോദി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ ഉപയോഗം കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനാണ് വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രേരണയും അച്ചടക്കവും ജീവിതത്തിൽ പ്രധാനമാണെന്നും സ്റ്റാർട്ടപ്പ് തുടങ്ങാന്‍ 25 വയസ്സാകണമെന്നില്ലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓർമിപ്പിച്ചു. ടെലിവിഷൻ സ്‌ക്രീനോ മറ്റോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ പോലും ഇന്ന് പലർക്കും സാധിക്കുന്നില്ല. എന്നാൽ അത്തരത്തിൽ അടിമപ്പെടുത്താൻ തങ്ങളെ അനുവദിക്കില്ലെന്ന് നിങ്ങൾ ഉറച്ച ദൃഢനിശ്ചയം എടുക്കണം. വിദ്യാർത്ഥികൾ വ്യവസായ പ്രൊഫഷണലുകളെയും സമീപിക്കണം. ഓരോരുത്തരും ചെറിയ കാര്യങ്ങൾ ചെയ്തുകൊണ്ട് വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷകളിൽ മികച്ച പ്രകടനവും മാർക്കും കരസ്ഥമാക്കാനായി മുൻകാല ചോദ്യപേപ്പറുകൾ പരിശീലിക്കണമെന്നും രാത്രികാലങ്ങളിൽ നന്നായി ഉറങ്ങണമെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.















