കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബോർഡ്. കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്നും കഴുത്തിന് നീർവീക്കമുണ്ടെന്നും പറയുന്നു. എന്നാൽ എംആർഐ യിൽ കാര്യമായ പ്രശ്നമില്ല. ശരീരവേദന ഉള്ളതിനാൽ മന്ത്രിക്ക് യാത്ര ചെയ്യാനാവില്ല. ഇന്ന് ഡിസ്ചാർജ് ചെയ്യേണ്ടെന്നും മെഡിക്കൽ ബോർഡ് തീരുമാനമെടുത്തു. രാവിലെ ചേർന്ന മെഡിക്കൽ ബോർഡിലാണ് മന്ത്രിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയത്.
അതേസമയം, വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഞ്ച് കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതിഷേധക്കാർ ‘കൊല്ലടാ’ എന്ന് ആക്രോശിച്ചതായും മാരകായുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങളുണ്ടാക്കിയതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.















