കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സ്. പരിയാരം മെഡിക്കൽ കോളജിലെ നഴ്‌സ് പി സി സ്മിതയാണ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്.
മിനിസ്റ്റർ ഭക്ഷണം കഴിച്ചിട്ടില്ലെന്നും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനയ്‌ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിയുടെ കയ്യിൽ സൂചി പോലും ഇല്ലാതെയാണ് ആശുപത്രിയിൽ കഴിയുന്നതെന്ന ആരോപണം തെറ്റാണ്. കൈത്തണ്ടയുടെ താഴെ ഭാഗത്തായാണ് കാനുല ഇട്ടിരിക്കുന്നത്. ഭക്ഷണസമയത്ത് അത് ഡിസ്‌കണക്ട് ചെയ്തപ്പോഴാണ് ഫോട്ടോ എടുത്തത്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് അധികൃതരോട് വിശദീകരണം തേടിയിരിക്കുകയാണ്. കൂടാതെ പരിക്കേറ്റ മന്ത്രി ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയി. രാത്രി വൈകി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷമാണ് ഡിസ്ചാർജ് നൽകിയത്. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.















