കോഴിക്കോട്: ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ സമൂഹത്തെ ബാധിച്ച രോഗമാണെന്നും ആധുനിക അന്ധവിശ്വാസങ്ങളെന്നും ജമാഅത്തെ ഇസ്ലാമി. മതേതരത്വം, ദേശീയത, ജനാധിപത്യം എന്നിവ അംഗീകരിക്കുന്നില്ലെന്നും ജമാ അത്തെ ഇസ്ലാമി നേതാവ് ഡോ. കൂട്ടിൽ മുഹമ്മദലി. പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പുസ്തകത്തിലാണ് രാജ്യ വിരുദ്ധ പ്രസ്താവനകൾ ഉള്ളത്. ഇസ്ലാമിക് പബ്ലിഷിങ് സോസൈറ്റിയാണ് പുസ്തകത്തിന്റെ പ്രസാധകർ.
ദേശീയത രാഷ്‌ട്രവുമായി ബന്ധപ്പെട്ടായാലും സമുദായവുമായി ബന്ധപ്പെട്ടയാലും ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്നാലും നിയമം നടപ്പിലാക്കാനുള്ള അധികാരം അള്ളാഹുവിന് മാത്രമായിരിക്കുമെന്നും പുസ്തകത്തിൽ പറയുന്നു. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്ര വാദികളാണെന്നത് കൃത്യമായി ഇതിൽ പറഞ്ഞുവെക്കുന്നുണ്ട്. മാമൂദിയുടെ ആശയങ്ങളിൽ നിന്നും അണുകിട പിന്നോട്ട് പോയിട്ടില്ലെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
എന്താണ് ജമാഅത്തെ ഇസ്ലാമിയെന്നും അവർ മുന്നോട്ട് വെക്കുന്ന ആശയം എന്താണെന്നും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് പ്രകാശം പരത്തുന്ന പ്രസ്ഥാനം. കേരള ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ചെയർമാനാണ് ഡോ. കൂട്ടിൽ മുഹമ്മദലി. ഇയാൾ സോളിഡാരിറ്റി, വെൽഫെയർ പാർട്ടി എന്നിവയിൽ സംസ്ഥാന പദവികൾ വഹിച്ചിട്ടുണ്ട്.
മതരാഷ്‌ട്രവാദത്തിൽ നിന്നും ജമാഅത്തെ ഇസ്ലാമി പിന്നോട്ട് പോയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവർത്തിച്ച് പറയുന്നത്. അതിനാൽ തന്നെ അവരുടെ വോട്ട് വാങ്ങി ജയിക്കുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചിരുന്നു. ഒരു വർഷം 60 പുസ്തകം വായിക്കുന്നു എന്ന അവകാശപ്പെടുന്ന സതീശൻ, വരുന്ന തെരഞ്ഞെടുപ്പിന് മുൻപ് പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പുസ്തകം വായിച്ച് മനസ്സിലാക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്.















