അബുദാബി: .പൊതു,സ്വകാര്യമേഖലയിലെ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ യു എ ഇ പ്രഖ്യാപിച്ചു. ഈദ് ആഘോഷങ്ങൾ പ്രമാണിച്ച് യുഎഇ ഫെഡറൽ ഓഫീസുകൾ നാല് ദിവസത്തേക്ക് അവധിയായിരിക്കും.
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് നിലവിൽ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ശവ്വാൽ മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനമാക്കി ഒരു ദിവസം കൂടി അവധി കൂടുതൽ ലഭിക്കാം.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അവധി ദിവസങ്ങൾ
ഈദ് ആഘോഷങ്ങൾ പ്രമാണിച്ച് യുഎഇ ഫെഡറൽ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് മാർച്ച് 19 മുതൽ 22 വരെ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.മാർച്ച് 23 ന് ഈ സ്ഥാപനങ്ങളെല്ലാം പതിവ് രീതിയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അതോറിട്ടി വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നിലവിൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 19 മുതൽ 21 വരെയാണ് സ്വകാര്യമേഖലയിലെ അവധി ദിവസങ്ങൾ . റംസാൻ മാസം 30 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 വരെ ദീർഘിപ്പിച്ചേക്കും.















