തിരുവനന്തപുരം: വൈദ്യശാസ്ത്രത്തിന്റെ മികവിൽ ആറുമാസം പ്രായമുള്ള ധ്രിയ എന്ന പെൺകുഞ്ഞിന് ലഭിച്ചത് പുനർജന്മം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ കരൾ സ്വീകരിച്ചാണ് ധ്രിയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ബിലിയറി അട്രേഷ്യ എന്ന ഗുരുതരമായ രോഗാവസ്ഥയിലായിരുന്നു ധ്രിയ. നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. രോഗം മൂർച്ഛിക്കുകയും കരൾ മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു. അനുയോജ്യമായ അവയവത്തിനായി കാത്തിരിക്കുന്നതിനിടെയാണ് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്റെ കരൾ ധ്രിയയ്‌ക്ക് ലഭിച്ചത്.
തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഏകദേശം 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ദാതാവിന്റേയും സ്വീകർത്താവിന്റേയും പ്രായക്കുറവ് ശസ്ത്രക്രിയയിൽ വലിയ വെല്ലുവിളിയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ധ്രിയ ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങി.















