സംവിധായകൻ പ്രിയദർശന്‍റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും നായകനായി മോഹന്‍ലാല്‍. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം. ആശിവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്സാണ്ടറാണ് കോ പ്രൊഡ്യൂസർ. ആശിവാദ് സിനിമാസിന്റെ 39-ാമത്തെ ചിത്രമാണിത്.
ആദ്യ സിനിമയിലെ നായകൻ നൂറാം ചിത്രത്തിലും അഭിനയിക്കുക എന്നത് ലോക ചരിത്രത്തിൽ ആദ്യമാണെന്ന് പ്രിയദശൻ പറഞ്ഞു. ഈ റെക്കോർഡ് ഒരു കാലത്തും തിരുത്തി എഴുതിപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിനിമ നല്ലതാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. എന്നാൽ മ്യൂസിക്കും ഡ്രാമയും ചേർന്ന നല്ലൊരു എന്റർടെയിനറായിരിക്കുമിത്. കുടുംബത്തിനും കുട്ടികൾക്കും ഫാൻസിനും ഒരു പോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഇതെന്ന് പ്രിയദർശൻ പറഞ്ഞു. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.















