തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം പരീക്ഷാ നടത്തിപ്പിൽ വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം നടക്കേണ്ടിയിരുന്ന ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ മിക്ക ജില്ലകളിലും കൃത്യസമയത്ത് സ്കൂളുകളിൽ എത്തിട്ടില്ല. ആർട്ട്, ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ പരീക്ഷകളാണ് ഇതോടെ പ്രതിസന്ധിയിലായത്.
ആർട്ട് എഡ്യൂക്കേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 45 മാർക്കിന് രണ്ട് മണിക്കൂർ നടത്തുന്ന പരീക്ഷയിലാണ് ഈ അഭൂതപൂർവമായ പ്രതിസന്ധി ഉണ്ടായത്. ഓരോ വിഭാഗത്തിനും 15 മാർക്ക് വീതമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സ്കൂളുകളിൽ ലഭിച്ച അച്ചടിച്ച ചോദ്യപേപ്പറിൽ വർക്ക് എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ട നിലയിലായിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെടുത്തിയ അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച മറുപടി വിചിത്രമായിരുന്നു. ചോദ്യങ്ങൾ ഇമെയിൽ വഴി അയച്ചു തരാമെന്നും, അത് പരീക്ഷാ ഹാളിൽ അധ്യാപകർ വായിച്ചു കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിപ്പിക്കണമെന്നുമാണ് ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശം.
രണ്ട് മണിക്കൂർ മാത്രം നീളുന്ന പരീക്ഷയിൽ, കുട്ടികൾ തിരക്കിട്ട് ഉത്തരം എഴുതിക്കൊണ്ടിരിക്കെ ചോദ്യങ്ങൾ വായിച്ചു കേൾപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിവിധ അധ്യാപക സംഘടനകളും എബിവിപിയും രംഗത്തെത്തി.















