കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം. ഘോഷയാത്രയിലേക്ക് ഒരു സംഘം ആളുകൾ കല്ലെറിയുകയായിരുന്നു. കാവിക്കൊടി അക്രമികൾ വലിച്ചുകീറി നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.
രഘുനാഥ്ഗഞ്ചിലെ ഫുൽത്തല മോറിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ കല്ലെറിയുകയും തീവയ്‌ക്കുകയും ചെയ്തു. അക്രമികൾ കടകൾ നശിപ്പിക്കുകയും ചില സ്ഥാപനങ്ങൾ കത്തിക്കുകയും ചെയ്തു. ചിലർ കടകൾ കൊള്ളയടിക്കുകയും സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. അക്രമത്തിനിടയിൽ പോലീസ് ആദ്യം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ ആരോപിച്ചു.
ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്, സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് റിപ്പോർട്ടുണ്ട്, എന്നിരുന്നാലും പ്രദേശം ഇപ്പോഴും സംഘർഷഭരിതമാണ്. രഘുനാഥ്ഗഞ്ചിലെ സിസാറ്റ്‌ല പ്രദേശത്തെ മറ്റൊരു സംഭവത്തിൽ, രാമനവമി ഘോഷയാത്രയിൽ ഗാനം ആലപിച്ചതിന്റെ പേരിലും ആക്രമണം ഉണ്ടായി. സംഗീതത്തെച്ചൊല്ലിയുള്ള തർക്കം അക്രമാസക്തമാവുകയും ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
സംഭവത്തെ ബിജെപി അപലപിച്ചു. സനാതന ധർമ്മത്തിനും ഭക്തരുടെ വികാരങ്ങൾക്കും നേരെയുള്ള ആസൂത്രിതമായ അപമാനമാണിതെന്ന് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രീണന നയത്തെ കുറ്റപ്പെടുത്തിയ അദേഹം അക്രമികൾ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.















