ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്ക വിജയിച്ചുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തിരുത്തി ഇറാന്‍. യുഎസിന് ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത രഹസ്യ കേന്ദ്രങ്ങളില്‍ ഇറാന്റെ സൈനിക ഉത്പാദനം തടസ്സമില്ലാതെ തുടരുകയാണെന്നും, അമേരിക്ക ഖേദപ്രകടിപ്പിച്ചു കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്നുമാണ് ഇറാന്‍ സായുധ സേനയുടെ തന്ത്രപ്രധാന വിഭാഗമായ ഖതം അല്‍-അന്‍ബിയയുടെ വാക്കുകൾ.
ഇറാന്റെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയുടെ പക്കലുള്ള വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് സൈനിക വക്താവ് പറയുന്നു. അമേരിക്ക ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന കേന്ദ്രങ്ങള്‍ നിസ്സാരമാണെന്നും യഥാര്‍ത്ഥ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ യുഎസ് റഡാറുകള്‍ക്ക് കണ്ടെത്താനായിട്ടില്ലെന്നും ഇറാന്‍ അവകാശപ്പെടുന്നു. മിസൈലുകള്‍, ഡ്രോണുകള്‍, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം ഭൂഗര്‍ഭ കേന്ദ്രങ്ങളിലും അതീവ രഹസ്യയിടങ്ങളിലുമാണ് നടക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന് ഈ കേന്ദ്രങ്ങളെ സ്പര്‍ശിക്കാന്‍ പോലും സാധിച്ചിട്ടില്ല.
ഇറാന്റെ വ്യോമ-നാവിക സേനകള്‍ തകര്‍ന്നുവെന്നും യുദ്ധം അമേരിക്ക ജയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്‍ സൈന്യത്തിന്റെ സംയുക്ത കമാന്‍ഡ് യൂണിറ്റായ സെന്‍ട്രല്‍ ഖതം അല്‍-അന്‍ബിയ രംഗത്തെത്തിയത്. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിക്കുന്നു എന്ന പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീണിരിക്കുകയാണ്.















