ഗുരുവായൂർ: പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. പോസ്റ്റർ പതിപ്പിച്ചത് മറ്റു മുന്നണികൾ തെറ്റായി വ്യാഖ്യാനിക്കുകയാണെനന്നും ചാവക്കാട് 1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററിൽ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പല വിവാദങ്ങളുയർത്തി തന്നെ ബാലറ്റ് പേപ്പറിൽ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
50 വർഷത്തെ മണ്ഡലത്തിന്റെ ചരിത്രം ഫ്ലക്സ് ബോർഡാക്കി വച്ചപ്പോൾ അത് വലിയ വിവാദമാക്കുകയാണ്. അതിൽ എവിടെയാണ് വർഗീയതയും മതവുമുള്ളത്. ബിജെപിയുടെ കൊടിയുടെ നിറമായ പച്ചയിലും കാവിയിലുമാണ് അവിടെ ബോർഡ് വച്ചിരിക്കുന്നത്. അതിൽ എംഎൽഎമാരുടെ പേരെഴുതി. അതിൽ എവിടെയാണ് ചട്ടലംഘനമുള്ളതെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. സുരേഷ് ഗോപിയോട് മത്സരിച്ച് തോറ്റ വി. എസ് സുനിൽ കുമാറിന്റെ മാനസിക നില ഇപ്പോഴും ശരിയായിട്ടില്ല. അയാൾക്കിപ്പോവും വിഭ്രാന്തിയാണ്. ഗോപാലകൃഷ്മനെ ബാലറ്റ് പേപ്പറിൽ നിന്നും നീക്കണമെന്നാണ് അയാൾ പറയുന്നത്. ഞാൻ ജയിച്ചാൽ ദേവസ്വം ബോർഡും കേന്ദ്രസർക്കാരുമായി സഹകരിച്ച് ഗുരുവായൂരിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ പ്രചരണം ആരംഭിക്കുന്നതിന് മുൻപ് ഗുരുവായൂരപ്പന് ബി. ഗോപാലകൃഷ്ണൻ കദളിക്കുല സമർപ്പിച്ചിരുന്നു. മറ്റ് സ്ഥാനാർത്ഥികൾക്ക് ഗുരുവായൂരപ്പന് മുന്നിൽ കദളികുല സമർപ്പിക്കാൻ കഴിയില്ലല്ലോ എന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.















