വാഷിങ്ടണ്‍: ദശകങ്ങള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം നിര്‍ണ്ണായക ഘട്ടം പിന്നിട്ടു. ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള ‘ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍’ പ്രക്രിയ ഒറിയോണ്‍ പേടകം വിജയകരമായി പൂര്‍ത്തിയാക്കി.
ഇതോടെ നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന സംഘം ചന്ദ്രന്റെ പരിക്രമണപഥം (Orbit) ലക്ഷ്യമാക്കി നീങ്ങുകയാണ്. ആറുമിനിറ്റോളം നീണ്ടുനിന്ന എഞ്ചിന്‍ ജ്വലനം അതീവ കൃത്യതയോടെയാണ് നടന്നതെന്ന് നാസ സ്ഥിരീകരിച്ചു. ‘മനുഷ്യരാശിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു,’ എന്നായിരുന്നു ഈ വിജയകരമായ നീക്കത്തിന് ശേഷം മിഷന്‍ സ്‌പെഷ്യലിസ്റ്റ് ജെറമി ഹാന്‍സന്റെ ആദ്യ പ്രതികരണം.
ഭൂമിയുടെ ഭ്രമണപഥത്തില്‍ ചെലവഴിച്ച ആദ്യ മണിക്കൂറുകളില്‍ അതിമനോഹരമായ കാഴ്ചകളാണ് യാത്രികരെ വരവേറ്റത്. നിലാവെളിച്ചത്തില്‍ തിളങ്ങുന്ന ഭൂമിയുടെ ദൃശ്യങ്ങള്‍ കണ്ട് വിസ്മയിച്ച യാത്രികര്‍ ഭക്ഷണം പോലും ഒഴിവാക്കി ഫോട്ടോകള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നുവെന്ന് കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ പറഞ്ഞു. നിരന്തരമായ ഫോട്ടോഗ്രാഫി കാരണം പേടകത്തിന്റെ ജനാലകളില്‍ കറപുരണ്ടതായും അത് എങ്ങനെ വൃത്തിയാക്കണമെന്നും അദ്ദേഹം ഗ്രൗണ്ട് കണ്‍ട്രോളുമായി തമാശരൂപേണ സംസാരിച്ചു. പേടകത്തിലെ എല്ലാ സംവിധാനങ്ങളും ആസൂത്രണം ചെയ്തതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ട്ടെമിസ് സയന്‍സ് ലീഡ് ലോറി ഗ്ലേസ് അറിയിച്ചു.
ഒറിയോണ്‍ പേടകത്തെ കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കുന്നതില്‍ റോക്കറ്റ് പൂര്‍ണ്ണ വിജയം കണ്ടു. കാര്‍ബണ്‍ ഡയോക്‌സൈഡ് സ്‌ക്രബ്ബറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതിക വിദ്യകളും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നണ്ടെന്നും അറിയിച്ചിട്ടുണ്ട്. ബഹിരാകാശ പേടകത്തിന്റെ നിയന്ത്രണം സഞ്ചാരികള്‍ നേരിട്ട് ഏറ്റെടുക്കുന്ന പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കയതായും പറഞ്ഞു. എന്നാല്‍, ആര്‍ട്ടെമിസ് 2 ഒരു പരീക്ഷണ ദൗത്യമാണെന്നും ഈ ഘട്ടത്തില്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ പദ്ധതിയൊന്നുമില്ലെന്നും നാസ വീണ്ടും വ്യക്തമാക്കി.
ഒറിയോണ്‍ പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് തിരികെ വരികയാണ് ചെയ്യുക. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്ന ദൗത്യങ്ങള്‍ക്കായി പേടകത്തിന്റെ പ്രകടനം, ആശയവിനിമയം, യാത്രികരുടെ ആരോഗ്യം എന്നിവ വിലയിരുത്താനാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ ചന്ദ്രന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഒറിയോണ്‍ ഭൂമിയിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















