ചെന്നൈ: ഐ.പി.എല്‍. ആരാധകര്‍ കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ്‍ തന്റെ പുതിയ ‘ഹോം ഗ്രൗണ്ടായ’ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നു. വെള്ളിയാഴ്ച നടക്കുന്ന ആവേശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്സാണ് ചെന്നൈയുടെ എതിരാളികള്‍.
സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ഗുവാഹാട്ടിയില്‍ വെച്ച് തോറ്റ ചെന്നൈക്ക് ഈ മത്സരം നിര്‍ണ്ണായകമാണ്. ടീമിന്റെ ഭാവി നായകനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ചെപ്പോക്കിലെ ഗാലറിയെ കയ്യിലെടുക്കാനുള്ള വലിയൊരു അവസരം കൂടിയാണിത്. ചെന്നൈയില്‍ സഞ്ജുവിന് ലഭിക്കുന്ന വന്‍ വരവേല്‍പ്പ് ടീമിന് മാനസികമായ വലിയ മുന്‍തൂക്കം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുഭാഗത്ത് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ചൊവ്വാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് വെള്ളിയാഴ്ച ഇറങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുമ്പോള്‍ കൂപ്പര്‍ കൊനോളിയുടെ ഷോട്ട് ശ്രേയസിന്റെ കയ്യില്‍ കൊള്ളുകയായിരുന്നു.
പരിശോധനയില്‍ എല്ലിന് പൊട്ടലില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കയ്യിലെ നീര് കുറയുകയാണെങ്കില്‍ അദ്ദേഹം ടീമിനെ നയിക്കാന്‍ ഉണ്ടാകുമെന്ന് സഹപരിശീലകന്‍ ബ്രാഡ് ഹാഡിന്‍ വ്യക്തമാക്കി. ആദ്യ കളിയിലെ പരാജയത്തിന് ശേഷം ഹോം ഗ്രൗണ്ടിലെ കരുത്തില്‍ ആദ്യ ജയം തേടിയാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്. സഞ്ജുവിന്റെ ബാറ്റിംഗും ഒപ്പം പഞ്ചാബ് നിരയില്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമോ എന്നതും മത്സരത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നു. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ സഞ്ജുവിന്റെ തന്ത്രങ്ങള്‍ എങ്ങനെ ഫലിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.















