മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് (ആടഎ) കോണ്‍സ്റ്റബിളിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. പശ്ചിമ ബംഗാളില്‍ സേവനമനുഷ്ഠിച്ചിരുന്ന നൈന്‍ സിങ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ കോമള്‍ ദേവി (32), കാമുകനും ബന്ധുവുമായ ഗുല്‍ഷന്‍, ഇവരുടെ സഹായികളായ മറ്റു മൂന്നുപേര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 28-ന് പുലര്‍ച്ചെ ധന്‍പുര്‍ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നൈന്‍ സിങ്ങിനെ പ്രതികള്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. നൈന്‍ സിങ്ങിന്റെ പിതാവ് ഗരീബ് ദാസ് നല്‍കിയ പരാതിയില്‍ ആദ്യം അയല്‍വാസികളെയാണ് പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ കൊലപാതകത്തിന് പിന്നില്‍ വീട്ടുകാര്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഭര്‍ത്താവിനെ വകവരുത്താന്‍ ആവശ്യമായ തോക്ക് വാങ്ങുന്നതിനായി കോമള്‍ ദേവി സ്വന്തം സ്വര്‍ണാഭരണങ്ങള്‍ വിറ്റതായി പോലീസ് വെളിപ്പെടുത്തി. ഈ പണം ഉപയോഗിച്ചാണ് ഗുല്‍ഷനും സംഘവും ആയുധങ്ങള്‍ സംഘടിപ്പിച്ചത്. നൈന്‍ സിങ്ങിന്റെ ബന്ധു കൂടിയായ ഗുല്‍ഷനുമായി കോമളിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവരം അറിഞ്ഞ നൈന്‍ സിങ് ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസ്സമായി നില്‍ക്കുന്ന ഭര്‍ത്താവിനെ ഒഴിവാക്കാന്‍ കോമളും ഗുല്‍ഷനും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അയല്‍വാസികള്‍ക്ക് മേല്‍ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍ കോമളിന്റെയും ഗുല്‍ഷന്റെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെ പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. ചോദ്യം ചെയ്യലില്‍ ഗുല്‍ഷന്‍ കുറ്റം സമ്മതിച്ചു. സഹായികളായ രാഹുല്‍, ഗുഡു, മോണ്ടു എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.















