തിരുവനന്തപുരം: മലയിൻകീഴ് മേപ്പൂക്കടയിൽ വീടിന്റെ പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മൂന്ന് യുവാക്കൾ ചേർന്ന് മോഷ്ടിച്ചു. ശനിയാഴ്ച പുലർച്ചെ 2.15-ഓടെയാണ് സംഭവം നടന്നത്. ബൈക്ക് ഉടമ പുലർച്ചെ ഒരു മണിയോടെയാണ് മകളുമായി ബൈക്കിൽ വീട്ടിലെത്തിയത്. ഹെൽമെറ്റ് ബൈക്കിന് മുകളിൽ തന്നെ വെച്ച ശേഷം അദ്ദേഹം വീടിനുള്ളിലേക്ക് പോയി.
ഏകദേശം ഒരു മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ മൂന്നംഗ സംഘം, മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് തെളിച്ച് ഏതാണ്ട് 15 മിനിറ്റോളം പരിശ്രമിച്ചാണ് ബൈക്കിന്റെ ഹാൻഡിൽ ലോക്ക് തകർത്തത്. തുടർന്ന് ഹെൽമെറ്റടക്കം മോഷ്ടിച്ച സംഘം ബൈക്ക് സ്റ്റാർട്ട് ചെയ്ത് കടന്നുകളയുകയായിരുന്നു.
രാവിലെ ബൈക്ക് കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. ബൈക്ക് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്.















