സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഒറ്റക്കൊമ്പൻ’ എന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.”വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും “(“Though i fall , I will rise again”) എന്ന വരികളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം മാത്യു തോമസ് ആണ് സംവിധാനം ചെയ്യുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന മാസ് കഥാപാത്രമായി സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിൽ എത്തുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി തന്റെ പഴയ ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്.
പാലായുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പക്കാ മാസ് ആക്ഷൻ എന്റർടൈനർ ആയിരിക്കും ഒറ്റക്കൊമ്പൻ എന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും സുരേഷ് ഗോപിയുടെ ലുക്കും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഷിബിൻ ഫ്രാൻസിസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഹർഷവർദ്ധൻ രാമേശ്വർ ആണ്.















