കോഴിക്കോട്: കേരള നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ പക്ഷത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തി. കോഴിക്കോട്ടെ ബേപ്പൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിനു വേണ്ടിയുള്ള റോഡ് ഷോയിൽ അദ്ദേഹം രാവിലെ പങ്കെടുത്തു. വൻജനാവലിയാണ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിൽ ഉൾപ്പെടെ ശ്രദ്ധേയമായ വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞതിന്റെ കൂടി ആത്മവിശ്വാസത്തിലാണ് എൻ ഡി എ നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയിട്ടുള്ളത്. 2016 മുതൽ ബേപ്പൂരിൽ ബിജെപിക്കു വേണ്ടി ജനവിധി തേടുന്നത് കെ.പി. പ്രകാശ്ബാബുവാണ്. നിലവിൽ ബിജെപിയുടെ കോഴിക്കോട് ജില്ലാ അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
ഇന്നും നാളെയും ദിവസങ്ങളിലാണ് അമിത് ഷാ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊതുപരിപാടികളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും.















