തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, കേരള എന്‍ട്രന്‍സ് പരീക്ഷ (KEAM 2026) എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ വണ്‍-ടൈം അനുമതി നല്‍കി പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഉത്തരവിറക്കി. ഗള്‍ഫ് മേഖലയിലെ യാത്രാതടസ്സങ്ങള്‍ മൂലം പരീക്ഷയ്‌ക്ക് എത്താന്‍ ബുദ്ധിമുട്ടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
യുഎഇ (ഷാര്‍ജ) കേന്ദ്രമായി തിരഞ്ഞെടുക്കുകയും നിലവില്‍ കേരളത്തില്‍ തുടരുകയും ചെയ്യുന്നവര്‍ക്ക് സംസ്ഥാനത്തെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറാം. കേരളത്തില്‍ കേന്ദ്രം നിശ്ചയിച്ചിട്ടുള്ള, എന്നാല്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് അവിടത്തെ കേന്ദ്രങ്ങളിലേക്ക് മാറ്റം അനുവദിക്കും. യുഎഇ കേന്ദ്രമായി ലഭിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ കുവൈത്ത് അല്ലെങ്കില്‍ ബഹ്റൈന്‍ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കാവുന്നതാണ്. കേന്ദ്രങ്ങള്‍ മാറ്റാനുള്ള അടിയന്തര സാഹചര്യം പരിഗണിച്ച് അഡ്മിറ്റ് കാര്‍ഡ് വിതരണ തീയതി പുതുക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് വരെ എന്നുള്ളത് ഏപ്രില്‍ എട്ട് വരെയാക്കി മാറ്റി.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം. cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ‘KEAM 2026 Candidate Portal’ എന്ന ലിങ്കില്‍ പ്രവേശിക്കുക. ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. മെനുവിലെ ‘Change Centre’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പുതിയ കേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കുക. അനുവദിച്ചിട്ടുള്ള സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.















