തിരുവനന്തപുരം: വെളളറടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പൂഴനാട് പ്ലാവിള സ്വദേശി ഷംനയുടെ (21) കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിൽ ആര്യങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ കണ്ട മുറിവുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ പോലീസിനെ വിവരമറിയിച്ചത്.
ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞെത്തിയ ഭർത്താവ് അൽത്താഫ്, ഭാര്യ ഷംനയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി. ഇതിനിടെ ചെരുപ്പെടുക്കാനായി മുറിയിൽ കയറിയ അൽത്താഫ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണിക്കെട്ട് പരിശോധിക്കുന്നതിനിടയിലാണ് തുണിക്കുളളിൽ നവജാതശിശുവിനെ കണ്ടെത്തിയത്.
അമ്മയേയും കുഞ്ഞിനെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. തന്റെ ഭാര്യ ഗർഭിണിയാണെന്ന വിവരം താനോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫിന്റെ മൊഴി. മൂന്ന് വർഷം മുൻപ് വിവാഹിതരായ ഇവർക്ക് രണ്ട് വയസ്സുളള മറ്റൊരു കുട്ടി കൂടിയുണ്ട്.
ഷംന നിലവിൽ പോലീസ് നിരീക്ഷണത്തിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ പോസ്സ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുയെന്ന് ആര്യങ്കോട് പോലീസ് അറിയിച്ചു.















