ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹോർമുസ് കടലിടുക്ക് തുറക്കാനും അമേരിക്കയുമായി കരാറിലേർപ്പെടാനും ഇറാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് നിർദേശം.
നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അവിടെത്തന്നെ കഴിയണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും, സഞ്ചാരം ഒഴിവാക്കാനും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. ഇന്ത്യൻ എംബിസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ യാത്രകൾ നടത്താവൂ എന്നും നിർദേശമുണ്ട്.
അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്നാണ് ഇറാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുന്നത്. ആളുകൾ വീടിനുള്ളിൽ തുടരുകയും വൈദ്യുത- സൈനിക സ്ഥാപനങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾ നിലകൾ എന്നിവ ഒഴിവാക്കണമെന്നും എംബസി നിർദേശിച്ചു.
ഇറാനെ ഇന്ന് രാത്രിയോടെ ഇല്ലാതാക്കുമെന്നുള്ള ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ് കൂടി ഈ നിർദേശത്തിന്റെ കാരണമാണ്. ഇറാനിലെ ഭരണകൂടത്തെ കൂടുതൽ ശക്തിയോടെ തങ്ങൾ തകർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു.















