ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതീവ അപകടകാരികളായ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരെ ശ്രീനഗര്‍ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ നിര്‍ണ്ണായക നീക്കത്തിലൂടെയാണ് ഇവരെ വലയിലാക്കിയത്. പിടിയിലായവരില്‍ അബ്ദുള്ള (അഥവാ അബു ഹുറൈറ) എന്ന പാക് ഭീകരന്‍ കഴിഞ്ഞ 16 വര്‍ഷമായി സുരക്ഷാ ഏജന്‍സികളെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
‘എ പ്ലസ്’ വിഭാഗത്തില്‍പ്പെട്ട കൊടുംഭീകരായ അബ്ദുള്ള 16 വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഇയാള്‍, ജമ്മു കശ്മീരിന് പുറത്തും ഭീകര ശൃംഖല വ്യാപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. ഇക്കാലയളവില്‍ ഇയാള്‍ 40-ഓളം വിദേശ ഭീകരരെ നയിച്ചിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗം പേരെയും സുരക്ഷാ സേന നേരത്തെ വധിച്ചതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പിടിയിലായ രണ്ടാമത്തെ പാകിസ്ഥാന്‍ സ്വദേശിയാണ് ഉസ്മാന്‍. ഇയാളും ‘എ പ്ലസ്’ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ്.
മുഹമ്മദ് നഖീബ് ഭട്ട്, ആദില്‍ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിര്‍ (മാമ) എന്നീ മൂന്ന് ശ്രീനഗര്‍ സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പ്രാദേശിക സഹായികളാണ്. ഭീകരര്‍ക്ക് ഒളിത്താവളവും ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചിരുന്നത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളില്‍ പോലീസ് വ്യാപകമായ പരിശോധന നടത്തി. നാല് എകെ റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരവും ലഘുലേഖകളും പിടിച്ചെടുത്തു.
ഭീകരരുടെ പക്കല്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ വിലാസങ്ങളുള്ള വ്യാജ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളം ശൃംഖല വ്യാപിപ്പിക്കാന്‍ ഇവര്‍ വ്യാജരേഖകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മാര്‍ച്ച് 31-ന് നഖീബ് ഭട്ട് പിടിയിലായതോടെയാണ് ഭീകര ശൃംഖലയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണമാണ് മറ്റു പ്രതികളിലേക്ക് എത്തിയത്. ശ്രീനഗര്‍ പോലീസ് അടുത്തിടെ നടത്തിയ മറ്റൊരു അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകള്‍ ഭീകരവാദത്തിലേക്ക് ആകൃഷ്ടരായതായി കണ്ടെത്തിയിരുന്നു.
2025 നവംബറില്‍ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ ഫരീദാബാദിലെ അല്‍-ഫലാ സര്‍വ്വകലാശാലയിലെ ഡോ. ഉമര്‍-ഉന്‍ നബിക്ക് പങ്കുണ്ടെന്ന വിവരവും അധികൃതര്‍ പുറത്തുവിട്ടു. ഈ സ്‌ഫോടനത്തില്‍ ഒരു ഡസനിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സുരക്ഷാ സേനയുടെ തീരുമാനം. ഭീകരരുടെ മറ്റ് കണ്ണികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.















