ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ പഠന പരിഷ്കാരത്തിന്റെ ഭാഗമായി ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കി. 2026-27 അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനകം തന്നെ നടപടികൾ ആരംഭിക്കണമെന്ന് സ്കൂളുകൾക്ക് ബോർഡ് കർശന നിർദ്ദേശം നൽകി. ഏപ്രിൽ 9-ന് പുറത്തിറക്കിയ സർക്കുലറിലാണ് സിബിഎസ്ഇ ഈ നിർണ്ണായക മാറ്റം പ്രഖ്യാപിച്ചത്.
ആറാം ക്ലാസ് മുതൽ വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ (R1, R2, R3) പഠിക്കേണ്ടതുണ്ട്. സാധാരണയായി മാതൃഭാഷയോ പ്രാദേശിക ഭാഷയോ ഇതിൽ ഒന്നായിരിക്കും. കൂടാതെ ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം മറ്റൊരു ഇന്ത്യൻ ഭാഷയോ വിദേശ ഭാഷയോ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും.
ആറാം ക്ലാസിൽ ആരംഭിക്കുന്ന ഈ മൂന്ന് ഭാഷാ പഠനം പത്താം ക്ലാസ് വരെ തുടരണം. ബോർഡ് പരീക്ഷകളിൽ ഈ വിഷയങ്ങളിൽ വിജയിക്കേണ്ടതും നിർബന്ധമായിരിക്കും. ഔദ്യോഗിക പാഠപുസ്തകങ്ങൾ ലഭ്യമാകുന്നതുവരെ പ്രാദേശികമായി ലഭിക്കുന്ന പുസ്തകങ്ങളോ മറ്റ് പഠന സാമഗ്രികളോ ഉപയോഗിച്ച് ക്ലാസുകൾ ആരംഭിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾ തിരഞ്ഞെടുക്കുന്ന മൂന്നാം ഭാഷയെക്കുറിച്ചുള്ള വിവരങ്ങൾ സിബിഎസ്ഇയുടെ ഒയാസിസ് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം. വിദ്യാർത്ഥികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെക്കുറിച്ച് ധാരണയുണ്ടാക്കാനും ഈ നീക്കം സഹായിക്കുമെന്ന് ബോർഡ് കരുതുന്നു.















