ലക്നൗ: കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് പുതിയ കർമ്മപദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. കൃഷിയിടങ്ങളെ പരീക്ഷണശാലകളാക്കി മാറ്റുന്ന ‘ലാൻഡ് ഈസ് ലാബ്’ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ലഖ്‌നൗവിൽ നടന്ന ആറാമത് ഉത്തർപ്രദേശ് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാരമ്പര്യമായി പിന്തുടരുന്ന ‘ലാബ് ടു ലാൻഡ്’ എന്ന രീതിക്ക് പകരം കൃഷിയിടങ്ങളെ തന്നെ ഗവേഷണ കേന്ദ്രങ്ങളാക്കുകയാണ് ഈ പുതിയ മാതൃകയിലൂടെ ചെയ്യുന്നത്. കർഷകരുടെ കൃഷിയിടങ്ങളിൽ വെച്ചുതന്നെ ശാസ്ത്രജ്ഞർക്ക് പുതിയ വിത്തുകളും സാങ്കേതികവിദ്യകളും പരീക്ഷിക്കാം. ഇത് കർഷകർക്ക് നേരിട്ട് വിജ്ഞാനം പകരാനും ഗവേഷണങ്ങൾ കൂടുതൽ പ്രായോഗികമാക്കാനും സഹായിക്കും. കൃഷി നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വളം തളിക്കാനും മറ്റും ഡ്രോണുകൾ, കാലാവസ്ഥാ പ്രവചനത്തിന് സാറ്റലൈറ്റ് ഇമേജിംഗ് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കും.
രാസവളങ്ങളുടെ ഉപയോഗം കുറച്ച് മണ്ണിലെ ഫലഭൂയിഷ്ഠത നിലനിർത്തുന്ന പ്രകൃതിദത്ത കൃഷിരീതികൾക്ക് പ്രാധാന്യം നൽകും. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് മികച്ച വില ലഭ്യമാക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഏകീകൃത വിപണന സംവിധാനങ്ങളും ശക്തിപ്പെടുത്തും.
ആഗോളതലത്തിൽ വളം, ഇന്ധനം എന്നിവയ്‌ക്കുണ്ടാകുന്ന വിലക്കയറ്റവും വിതരണ തടസ്സങ്ങളും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കാതിരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മികച്ച നേട്ടം കൈവരിച്ച 45 കാർഷിക ശാസ്ത്രജ്ഞരെ അദ്ദേഹം ആദരിച്ചു.















