ഹൈദരാബാദ്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് ബലമായി എച്ച്‌ഐവി ബാധിച്ച രക്തം ശരീരത്തിൽ കുത്തിവെച്ചതിൽ മനംനൊന്ത് ഹൈദരാബാദിൽ യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഉപ്പൽ സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് മരിച്ചത്.
ഹൈദരാബാദ് സ്വദേശിയായ മനോഹർ എന്ന യുവാവും മരണപ്പെട്ട യുവതിയും ബന്ധുക്കളാണ്. ഇവരുടെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചിരുന്നു. എന്നാൽ മനോഹറിന്റെ മാതാപിതാക്കൾക്ക് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ, കഴിഞ്ഞ സെപ്റ്റംബറിൽ മനോഹറിനെ പരിശോധനയ്‌ക്ക് വിധേയനാക്കി. പരിശോധനയിൽ മനോഹറിനും എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിൽ പ്രകോപിതനായ മനോഹർ മാർച്ച് 11-ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും, സ്വന്തം ശരീരത്തിൽ നിന്ന് എടുത്ത എച്ച്‌ഐവി ബാധിച്ച രക്തം ബലമായി യുവതിയുടെ ശരീരത്തിൽ കുത്തിവെക്കുകയുമായിരുന്നു.
കുത്തിവെപ്പിന് ശേഷം കഴിഞ്ഞ ഒരു മാസമായി കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി വെള്ളിയാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തന്റെ ജീവിതം തകർത്ത മനോഹറിന്റെ ക്രൂരമായ പ്രവൃത്തിയിൽ മനംനൊന്താണ് താൻ ഈ കടുംകൈ ചെയ്യുന്നതെന്ന് യുവതി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ കുടുംബത്തിന്റെ പരാതിയിൽ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു.















