കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വര്‍ഷത്തെ തൃണമൂല്‍ ഭരണം സംസ്ഥാനത്തെ ഓരോ സാധാരണക്കാരന്റെയും മനസ്സില്‍ ഭയം മാത്രമാണ് വളര്‍ത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച പശ്ചിമ ബംഗാളിലെ കത്വയില്‍ നടന്ന കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്‌ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാന്‍ തീരുമാനമെടുക്കും,’ അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലെ സര്‍ക്കാര്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ ഈ പദ്ധതി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃണമൂല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ‘നിര്‍മം സര്‍ക്കാര്‍’ (ക്രൂരമായ സര്‍ക്കാര്‍) എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ‘നിലവിലുള്ള ജനക്ഷേമ പദ്ധതികള്‍ ബിജെപി നിര്‍ത്തിവെക്കില്ല. എന്നാല്‍ പദ്ധതികളുടെ പേരില്‍ നടക്കുന്ന കൊള്ളയും അഴിമതിയും ഞങ്ങള്‍ അവസാനിപ്പിക്കും. തൃണമൂല്‍ സര്‍ക്കാര്‍ നടത്തിയ അഴിമതികളെക്കുറിച്ച് ബിജെപി സമഗ്രമായ ധവളപത്രം പുറത്തിറക്കും,’ മോദി പറഞ്ഞു.
സംസ്ഥാനത്തെ ഉരുളക്കിഴങ്ങ് കര്‍ഷകരുടെ തകര്‍ച്ചയ്‌ക്ക് കാരണം തൃണമൂലിന്റെ തെറ്റായ നയങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൃഷി മേഖലയെ തകര്‍ത്ത നയങ്ങളില്‍ മാറ്റം വരുത്തി കര്‍ഷകരുടെ ഭാവി സുരക്ഷിതമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കൂടാതെ, ബംഗാളിലെ രാഷ്‌ട്രീയ അക്രമങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. നിയമവാഴ്ച ഉറപ്പാക്കി പൗരന്മാരുടെ സുരക്ഷ ബിജെപി സര്‍ക്കാര്‍ വീണ്ടെടുക്കുമെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.















