ശബരിമല: സന്നിധാനത്ത് വിഷുക്കണി ദർശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും.ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന അയ്യപ്പസന്നിധിയിലെ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
15ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന് രാത്രി അത്താഴ പൂജയ്‌ക്ക് ശേഷം മേല്‍ശാന്തി, കീഴ്ശാന്തി പരികര്‍മികള്‍ എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്‌ക്കുന്നത്. പുലര്‍ച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണിക്ക് അവസരം.
18 വരെ പൂജകളും ദർശനത്തിനുള്ള സൗകര്യവും ഉണ്ട്. 18ന് രാത്രി 10ന് നട അടയ്‌ക്കും.
മണ്ഡല– മകരവിളക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിന് എത്തുന്നത് വിഷുവിനാണ്. അതിനാൽ മിനി തീർഥാടനത്തിനുള്ള തയാറെടുപ്പുകളാണ് ദേവസ്വം ബോർഡ് നടത്തുന്നത്. തിരക്ക് നിയന്ത്രണത്തിന് പൊലീസ് വിപുലമായ ക്രമീകരണമാണ് ഒരുക്കുന്നത്. കൂടുതല്‍ പൊലീസും എത്തുന്നുണ്ട്. പമ്പയില്‍ കെഎസ്ആര്‍ടിസി താത്കാലിക ഡിപ്പോ തുടങ്ങി. പമ്പ – നിലയ്‌ക്കല്‍ ചെയിന്‍ സര്‍വീസിന് 76 ബസ് എത്തിയിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി എന്നിവടങ്ങളില്‍ നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസും തുടങ്ങി.
സാധാരണ മേടം ഒന്നിനാണ് വിഷു ആഘോഷം എങ്കിലും ഇത്തവണ ഉദയത്തിനു ശേഷമാണ് സൂര്യൻ അടുത്ത രാശിയിലേക്കു മാറുന്നത്. അതിനാലാണ് മേടം രണ്ടിന് വിഷുക്കണി ദർശനം വന്നത്.















