കോഴിക്കോട് : നെല്ലിക്കാപറമ്പിൽ വീട്ടുകാർ ഇല്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് വൻ കവർച്ച. നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡിന് സമീപം താമസിക്കുന്ന നെടുങ്ങാട്ട് ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. അഞ്ച് പവനോളം സ്വർണാഭരണങ്ങളും എണ്ണായിരം രൂപയും വീട്ടിൽ നിന്നും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോസും കുടുംബവും എറണാകുളത്തുള്ള മകളുടെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്.
ഇന്ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ സ്ത്രീയാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ഇവർ വീട്ടുകാരെ വിവരമറിയിക്കുകയും അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. മുറ്റത്ത് കിടന്ന കല്ല് ഉപയോഗിച്ചാണ് മുൻവശത്തെ വാതിൽ തകർത്തതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.















