കന്യാകുമാരി: നിയമസഭാതെരെഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കുന്ന തമിഴ്‌നാട്ടിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ തരംഗമായി. കന്യാകുമാരി ജില്ലയിലെ ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാർത്ഥികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിലാണ് ഒരു വലിയ റോഡ് റാലി നടത്തിയത്. ഡൽഹിയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി മോദി ഹെലികോപ്റ്ററിൽ നാഗർകോവിലിലെത്തി.
പ്രധാനമന്ത്രി മോദി വേപ്പമൂട് ഭാഗത്ത് നിന്ന് വടശ്ശേരി റോഡിലേക്ക് ഏകദേശം 1.5 കിലോമീറ്റർ ദൂരം തുറന്ന വാഹനത്തിൽ റോഡ് റാലി നടത്തി. ഒരു മണിക്കൂറോളം നീണ്ട പരിപാടിയിൽ റോഡിന്റെ ഇരുവശത്തും തിങ്ങിക്കൂടിയ ജനങ്ങൾ പ്രധാനമന്ത്രി മോദിക്ക് നേരെ പുഷ്പവൃഷ്ടി നടത്തി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, മുൻ ബിജെപി നേതാക്കളായ പൊൻ. രാധാകൃഷ്ണൻ, അണ്ണാമലൈ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

മുൻ മുഖ്യമന്ത്രി കെ കാമരാജിന്റെ ചിത്രത്തിലും എംജിആർ പ്രതിമയിലും അംബേദ്കർ ചിത്രത്തിലും മോദി പുഷ്പാർച്ചന നടത്തി.
ഏപ്രിൽ 23 ന് തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽഎഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം “തീർച്ചയായും വിജയിക്കും” എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
“എൻഡിഎ തീർച്ചയായും വിജയിക്കും, ഡിഎംകെ തീർച്ചയായും പരാജയപ്പെടും, മെച്ചപ്പെട്ട തമിഴ്‌നാടിനായി, വികസിത തമിഴ്‌നാടിനായി നമ്മൾ വോട്ട് ചെയ്യണം,” പ്രധാനമന്ത്രി മോദി പറഞ്ഞു.

“നാഗർകോവിലിൽ നടന്ന റോഡ് റാലി സമാനതകളില്ലാത്ത ആവേശം നിറഞ്ഞതായിരുന്നു. ഡിഎംകെയുടെ ദുർഭരണവും അഴിമതിയും തമിഴ്‌നാടിന് വേണ്ടെന്ന് വ്യക്തമാണ്. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സംസ്ഥാനത്ത് ഏറ്റവും മികച്ച ജനകേന്ദ്രീകൃത ഭരണം നൽകും. റോഡ് റാലിയുടെ ഒരു പ്രത്യേക നിമിഷം ഇവിടെ കാണുക…” റോഡ് ഷോയുടെ ആവേശത്തെക്കുറിച്ച് തന്റെ എക്സ് പേജിൽ ചെയ്ത പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ സഖ്യം, എഐഎഡിഎംകെ സഖ്യം, നാം തമിഴർ പാർട്ടി, തമിഴ്‌നാട് വിക്ടറി പാർട്ടി എന്നിങ്ങനെ ചതുർമുഖ മത്സരമാണ് നടക്കുന്നത്.















