ലാഹോർ: പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ സഹസ്ഥാപകൻ ആമിർ ഹംസ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. പാകിസ്താനിലെ ലാഹോറിൽ വച്ചാണ് 66 കാരനായ കൊടുംഭീകരന് നേരെ ആക്രമണമുണ്ടായത്. ലഷ്കർ ഇ തൊയ്ബയിൽ ഹാഫിസ് സയീദ് കഴിഞ്ഞാൽ അടുത്ത സ്ഥാനം ആമിർ ഹംസയ്‌ക്കാണ്. ലാഹോറിൽ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ് ഹംസ.
ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രണങ്ങളുടെ സൂത്രധാരൻമാരിൽ പ്രധാനിയാണ് ഹംസ. ഒരു വാർത്ത ചാനലിൽ നിന്നും ഇറങ്ങി വരുന്നതിനിടെ അജ്ഞാതർ തുരുതുരാ വെടിവെക്കുകയായിരുന്നു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഹംസയ്‌ക്ക് നേരെ അജ്ഞാതന്റെ വിളയാട്ടമുണ്ടാകുന്നത്. കഴിഞ്ഞ മെയ്യിൽ ലാഹോറിലെ വസതിക്ക് പുറത്ത് വച്ച് തോക്കുധാരികൾ ആക്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ഇയാൾക്ക് പാക് അധികൃതർ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് വീണ്ടും ആക്രമണമുണ്ടായത്.
ആഗോള ഭീകരൻ ഹാഫിസ് സയിദിന്റെ വലം കൈയാണ് ഹംസ. അടുത്തിടെ പാകിസ്ഥാനിൽ നടന്ന ലഷ്കറിന്റെ പ്രചരണ പരിപാടികളിൽ ഹംസയുമുണ്ടായിരുന്നു. പുറത്തു വന്ന ചിത്രങ്ങളിൽ ഹാഫിസ് സയിദിനൊപ്പം ഹംസയെയും കാണാം. ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കൂടിയാണ് ഹംസ. 2002 ൽ ഖാഫീല ദാവത്ത് ഔർ ഷഹാദത്ത് എന്ന പേരിൽ ഇയാൾ പുസ്തകം എഴുതിയിട്ടുണ്ട്.
ലഷ്കറിനായി ധനസമാഹരണം നടത്തിയതിന് ഹംസയെ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഭീകരപട്ടികയിൽ ഉൾപ്പടുത്തിയിട്ടുണ്ട്. ജമാഅത്ത്-ഉദ്-ദവ, ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നി പേരിലായിരുന്നു ആദ്യം ഫണ്ട് സ്വരൂപിച്ചത്. ഈ സംഘടനകൾക്ക് യുഎസ് നിരോധനം ഏർപ്പെടുത്തിയതോടെ, 2018 ൽ ജെയ്ഷെ മൻഖഫ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചായി പണപ്പിരിവ്.















